ഇനി ഇടതുസഹയാത്രികനല്ല, സിപിഐ എം പാർട്ടി മെമ്പർ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി കെ ടി ജലീൽ
മലപ്പുറം: താൻ ഇനി വെറുമൊരു ഇടതുസഹയാത്രികനല്ലെന്നും സി.പി.ഐ.എമ്മിന്റെ ഔദ്യോഗിക ഭാഗമായി മാറുകയാണെന്നും പ്രഖ്യാപിച്ച് മുൻ മന്ത്രി കെ ടി ജലീൽ. പാർട്ടി വലിയ പ്രതിസന്ധികൾ നേരിടുന്ന ഘട്ടത്തിൽ ഒപ്പം നിൽക്കുക എന്നത് ഒരു സാമൂഹിക ഉത്തരവാദിത്തമാണെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. ഇടതുപക്ഷ സ്വതന്ത്രനായി നിയമസഭയിലെത്തിയ ജലീൽ പാർട്ടി അംഗത്വം സ്വീകരിക്കുന്നു എന്ന വാർത്തകൾക്കിടയിലാണ് ഈ പരസ്യ പ്രതികരണം.
തന്റെ പാർട്ടി പ്രവേശനത്തിനുള്ള കാരണങ്ങളും ഇതിനെതിരെ ഉയരുന്ന വിമർശനങ്ങൾക്കുള്ള മറുപടിയും അദ്ദേഹം കുറിപ്പിൽ പങ്കുവെച്ചിട്ടുണ്ട്
മതാചാരങ്ങൾ പിന്തുടരുന്ന വിശ്വാസികൾക്ക് സി.പി.ഐ.എമ്മിൽ അംഗത്വമെടുക്കാൻ കഴിയില്ലെന്ന പ്രചാരണം തെറ്റാണ്. ഇത്തരം വാദങ്ങൾ ഉയർത്തി ഹൈന്ദവ-മുസ്ലിം-ക്രൈസ്തവ വിശ്വാസികളെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് അകറ്റാൻ വർഗ്ഗീയശക്തികൾ ശ്രമിക്കുന്നുണ്ട്. ഇത് അത്യന്തം അപകടകരമായ അവസ്ഥയാണെന്നും ലോകത്തെ എല്ലാ വർഗ്ഗീയ-ജാതീയ ശക്തികളും ഒന്നിക്കുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടികളെ തകർക്കുക എന്ന ലക്ഷ്യത്തിലാണ്. ഇതിനെതിരെയുള്ള ശക്തമായ പ്രതിരോധം കൂടിയാണ് സി.പി.ഐ.എമ്മിൽ അംഗത്വമെടുക്കാനുള്ള തന്റെ തീരുമാനമെന്നും പാർട്ടിയുടെ നല്ല കാലത്ത് ഒപ്പം കൂടാൻ ഒരുപാട് പേരുണ്ടാകും. എന്നാൽ പ്രസ്ഥാനം വലിയ പ്രതിസന്ധികൾ അഭിമുഖീകരിക്കുമ്പോൾ മാറിനിൽക്കുന്നത് സമൂഹത്തോട് ചെയ്യുന്ന കൊടിയ അപരാധമായിരിക്കുമെന്നും ജലീൽ കൂട്ടിച്ചേർത്തു. ലക്ഷക്കണക്കിന് നിസ്വാർത്ഥരായ സഖാക്കൾക്കൊപ്പം അവരിലൊരാളായി ഉറച്ചുനിൽക്കുമെന്ന പ്രഖ്യാപനത്തോടെയാണ് കെ.ടി. ജലീൽ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
