കരിപ്പൂരില്‍ വീണ്ടും വൻ മയക്കുമരുന്ന് വേട്ട; മുൻപ് ഒരു കിലോ എംഡിഎംഎ കടത്തിയ പ്രതികള്‍ 650 ഗ്രാമുമായി വീണ്ടും പിടിയില്‍
മലപ്പുറം : കരിപ്പൂർ വിമാനത്താവളം വഴി വീണ്ടും വൻ മയക്കുമരുന്ന് വേട്ട. ലഹരിക്കടത്ത് കേസില്‍ നേരത്തെ പിടിയിലായ പ്രതികള്‍ തന്നെയാണ് വീണ്ടും വൻ ലഹരിമരുന്ന് ശേഖരവുമായി റവന്യൂ ഇന്റലിജൻസ് (ഡിആർഐ) വിഭാഗത്തിന്റെ വലയിലായത്. മലപ്പുറം ഊരകം സ്വദേശി ജസീം, മൂന്നിയൂർ സ്വദേശി അലി അക്ബർ എന്നിവരാണ് അറസ്റ്റിലായത്. പാർസല്‍ വഴിയെത്തിയ 650 ഗ്രാം എംഡിഎംഎ (MDMA) കൈപ്പറ്റാൻ എത്തിയപ്പോഴാണ് ഇവരെ ഡിആർഐ സംഘം പിടികൂടിയത്.
പിടിയിലായ പ്രതികള്‍ രണ്ടുപേരും 2025-ല്‍ കരിപ്പൂർ വിമാനത്താവളം വഴി ഒരു കിലോ എംഡിഎംഎ കടത്തിയ കേസിലെ പ്രധാന പ്രതികളാണ്. ജാമ്യത്തിലിറങ്ങിയ ശേഷമാണ് ഇവർ വീണ്ടും ലഹരിക്കടത്ത് തുടർന്നത്.
അതേസമയം കഴിഞ്ഞ ആഴ്ച കരിപ്പൂർ വിമാനത്താവളം വഴി ലഹരിക്കടത്തുന്ന സംഘവുമായി അടുത്ത ബന്ധം പുലർത്തിയ കരിപ്പൂർ പൊലിസ് സ്റ്റേഷനിലെ മുൻ സിവില്‍ പൊലിസ് ഓഫീസർ (സിപിഒ) ഗോവിന്ദ് രാജിനെ സർവീസില്‍ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. നിലവില്‍ കോട്ടക്കല്‍ സ്റ്റേഷനില്‍ ജോലി ചെയ്യുകയായിരുന്ന ഇയാളെ, മയക്കുമരുന്ന് മാഫിയയുമായുള്ള ബന്ധം സംശയിച്ച് നേരത്തെ തന്നെ അച്ചടക്ക നടപടിയുടെ ഭാഗമായി അങ്ങോട്ട് സ്ഥലം മാറ്റുകയായിരുന്നു.
സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി, കൊണ്ടോട്ടി എഎസ്പി എന്നിവർ നല്‍കിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മലപ്പുറം ജില്ലാ പൊലിസ് മേധാവി സസ്പെൻഷൻ ഉത്തരവിറക്കിയത്.
ലഹരിക്കടത്ത് സംഘാംഗങ്ങളും ഈ ഉദ്യോഗസ്ഥനും തമ്മില്‍ നിരന്തരം സമ്പർക്കം പുലർത്തിയതിന്റെ തെളിവുകള്‍ അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ഇതേ ലഹരി ശൃംഖലയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് കരിപ്പൂർ സ്റ്റേഷനിലെ മറ്റൊരു സിപിഒ ആയ ധനേഷിനെയും നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.
സംസ്ഥാനത്തെ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് അന്തർസംസ്ഥാന ലഹരി ശൃംഖലകള്‍ക്കെതിരെ കേരള പൊലിസ് കർശന നടപടികളുമായി മുന്നോട്ട് പോകുന്നതിനിടയിലാണ്, ലഹരി മാഫിയയെ സഹായിക്കാൻ പൊലിസുകാർ തന്നെ രംഗത്തുണ്ടെന്ന വിവരം പുറത്തുവരുന്നത്. ഇത് ഉന്നത പൊലിസ് വൃത്തങ്ങളില്‍ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
നിലവില്‍ 40 ഗ്രാം എംഡിഎംഎ കൈവശം വെച്ച കേസിലാണ് ഇപ്പോള്‍ പൊലിസ് ഉദ്യോഗസ്ഥന്റെ പങ്കാളിത്തം വ്യക്തമായിരിക്കുന്നത്. ലഹരി ശൃംഖലയില്‍ കൂടുതല്‍ ഉദ്യോഗസ്ഥർക്കോ നിയമപാലകർക്കോ പങ്കുണ്ടോ എന്ന് കണ്ടെത്താൻ സ്പെഷ്യല്‍ ടീം അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ വകുപ്പുതല നടപടികളും അറസ്റ്റും ഉണ്ടാകുമെന്നാണ് സൂചന.
