അരീക്കോട് റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ 3 വയസുകാരൻ മുങ്ങി മരിച്ചു

June 01, 2026 - By MalappuramMedia

അരീക്കോട്: കുടുംബത്തോടൊപ്പം റിസോർട്ടിൽ അവധി ആഘോഷിക്കാൻ എത്തിയ മൂന്ന് വയസ്സുകാരൻ സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ചു. അരീക്കോട് പൂവത്തിക്കൽ സ്വദേശി ആസിഫിന്റെ മകൻ ഇവാൻ ആസിഫാണ് മരണപ്പെട്ടത്. അരീക്കോട് ഊർങ്ങാട്ടരിയിലുള്ള കൊക്കോ വില്ല റിസോർട്ടിലാണ് നാടിനെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത്.

റിസോർട്ടിൽ നിന്നും തിരികെ വീട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കങ്ങൾ കുടുംബാംഗങ്ങൾ നടത്തുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. ചുറ്റും കളിച്ചുനടക്കുകയായിരുന്ന കുട്ടി പെട്ടെന്ന് സ്വിമ്മിങ് പൂളിലേക്ക് വീഴുകയായിരുന്നു.

കുട്ടിയെ പൂളിൽ വീണ നിലയിൽ കണ്ടെത്തിയ ഉടൻ തന്നെ ബന്ധുക്കൾ ചേർന്ന് അടുത്തുള്ള അരീക്കോട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കിഴുപറമ്പ് സ്വദേശികളുടെ ഉടമസ്ഥതയിലുള്ളതാണ് ഈ റിസോർട്ട്. സംഭവമറിഞ്ഞ് അരീക്കോട് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. അപകടത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Recent

Load More