എടപ്പാളിലെ ലോട്ടറി ഏജൻസിയിൽ നിന്ന് സമ്മാനാർഹമായ ടിക്കറ്റുകൾ മോഷ്ടിച്ച് കടന്നുകളഞ്ഞ തമിഴ്‌നാട് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു
മലപ്പുറം: എടപ്പാളിലെ ലോട്ടറി ഏജൻസിയിൽ നിന്ന് സമ്മാനാർഹമായ ടിക്കറ്റുകൾ മോഷ്ടിച്ച് കടന്നുകളഞ്ഞ തമിഴ്‌നാട് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ മധുര സ്വദേശിയായ ഗണേഷ് ആണ് കോയമ്പത്തൂരിലെ പീളമേടിൽ നിന്ന് ചങ്ങരംകുളം പോലീസിന്റെയും തിരൂർ ഡാൻസാഫ് ടീമിന്റെയും വലയിലായത്.
കഴിഞ്ഞ മാർച്ച് മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. എടപ്പാളിലെ അമ്മ ലോട്ടറി ഏജൻസിയിൽ ജീവനക്കാരനായിരുന്നു പ്രതി. ഉടമയെ കബളിപ്പിച്ച് ഏകദേശം ഒന്നര ലക്ഷത്തോളം രൂപ സമ്മാനത്തുക ലഭിച്ച ടിക്കറ്റുകളുമായി മുങ്ങുകയായിരുന്നു. പത്രപരസ്യം കണ്ട് ജോലിക്ക് ചേരാനെത്തിയപ്പോൾ ഇയാൾ നൽകിയിരുന്ന മധുരയിലെ തിരിച്ചറിയൽ രേഖയിലെ വിലാസം വ്യാജമാണെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. കഴിഞ്ഞ ആറ് മാസമായി തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ വിവിധ ലോട്ടറി കടകളിൽ ഇയാൾ മാറിമാറി ജോലി ചെയ്തുവരികയായിരുന്നു.
മോഷണത്തിന് ശേഷം തൃശ്ശൂരിനും കോട്ടയത്തിനുമിടയിലുള്ള ഇരുപതോളം ഏജൻസികളിൽ ടിക്കറ്റുകൾ മാറി ഇയാൾ പണം കൈക്കലാക്കി. ഈ തുക ഉപയോഗിച്ച് സുഹൃത്തുക്കൾക്കൊപ്പം കോട്ടയം, മൂന്നാർ, ചെന്നൈ, ബാംഗ്ലൂർ എന്നിവിടങ്ങളിൽ ഉല്ലാസയാത്ര നടത്തുകയും ചെയ്തു. പോലീസ് അന്വേഷണം ആരംഭിച്ചതോടെ മൊബൈൽ ഫോൺ ഉപേക്ഷിച്ച് കോവൈ, കാഞ്ചിപുരം, ഗാന്ധിനഗർ എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. ഒടുവിൽ കോവൈ പീളമേടിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യവെയാണ് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ പോലീസ് സംഘം ഇയാളെ പിടികൂടിയത്.
