മലപ്പുറത്ത് വ്യാഴാഴ്ചവരെ ശക്തമായ മഴയ്ക്ക് സാധ്യത; 26-ന് കേരളത്തില്‍ കാലവര്‍ഷം എത്തും
മലപ്പുറം : കേരളത്തിൽ വ്യാഴാഴ്ചവരെ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ മഞ്ഞ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ടെന്നും തീരദേശ മേഖലകളില്‍ മോശം കാലാവസ്ഥ തുടരാനിടയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.
മലപ്പുറം ജില്ലയിലും മഴ ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ചൊവ്വാഴ്ച വരെ ജില്ലയില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറില്‍ 40 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ കടല്‍ക്ഷോഭത്തിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥാ വകുപ്പ് നിര്‍ദേശിച്ചു.
സംസ്ഥാനത്ത് ഈ മാസം 26-ന് കാലവര്‍ഷം എത്തുമെന്നാണു നിലവിലെ വിലയിരുത്തല്‍. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടിനും മലനിരകളില്‍ മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
