കുടുംബത്തോടൊപ്പം കശ്മീരിലേക്ക് പോകുംവഴി അപകടം; നിയന്ത്രണം വിട്ട കാര്‍ ലോറിയുടെ പിന്നിലിടിച്ചു, പൊന്നാനി സ്വദേശിനിക്ക് ദാരുണാന്ത്യം
മലപ്പുറം : ഡല്‍ഹി-മുംബൈ എക്സ്പ്രസ് വേയിലുണ്ടായ ദാരുണമായ വാഹനാപകടത്തില്‍ മലയാളി യാത്രക്കാരി മരണപ്പെട്ടു. മലപ്പുറം പൊന്നാനി വെളിയങ്കോട് സ്വദേശിനി ബഷീറ (42) ആണ് മരിച്ചത്.
കേരളത്തില്‍ നിന്നും കുടുംബസമേതം കശ്മീരിലേക്ക് കാറില്‍ വിനോദയാത്ര പോകുന്നതിനിടെ ഹരിയാണയിലെ ഫിറോസ്പൂരില്‍ വെച്ചായിരുന്നു അപകടം സംഭവിച്ചത്. ഷാർജയില്‍ നിന്നും ദിവസങ്ങള്‍ക്ക് മുൻപ് നാട്ടിലെത്തിയ ഭർത്താവിനൊപ്പം ഉത്തരേന്ത്യൻ സംസ്ഥാനങ്ങള്‍ സന്ദർശിക്കാൻ പുറപ്പെട്ടതായിരുന്നു ബഷീറ.
കുടുംബം സഞ്ചരിച്ചിരുന്ന ഇന്നോവ കാർ മുന്നില്‍ പോവുകയായിരുന്ന ട്രക്കിന്റെ പുറകിലേക്ക് നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ ബഷീറയുടെ ഭർത്താവ് അബ്ദുല്‍ ജലീല്‍ (49), മക്കളായ ലാസിം അബു ബക്കർ, മുഹമ്മദ് ശാരിഖ് എന്നിവർക്ക് പരിക്കേറ്റു. ഇതില്‍ അബ്ദുല്‍ ജലീലിന്റെ പരിക്ക് അതീവ ഗുരുതരമാണെന്നാണ് വിവരം. മൂന്ന് ദിവസം മുൻപാണ് ഇവർ നാട്ടില്‍ നിന്നും കശ്മീരിലേക്ക് യാത്ര തിരിച്ചത്.
അപകടം സംഭവിക്കുന്ന സമയത്ത് ബഷീറയുടെ മകൻ അബൂബക്കറായിരുന്നു വാഹനം ഓടിച്ചിരുന്നത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം മുൻപില്‍ പോയ ലോറിക്ക് പുറകിലേക്ക് കാർ ഇടിച്ചുകയറാൻ കാരണമായതെന്നാണ് പോലീസ് നല്‍കുന്ന പ്രാഥമിക സൂചന. അപകടത്തെ തുടർന്ന് തകർന്ന കാറില്‍ നിന്നും ഏറെ പ്രയത്നിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.
അപകടത്തില്‍ മരിച്ച ബഷീറയുടെ മൃതദേഹം നിലവില്‍ ഡല്‍ഹി എയിംസ് (AIIMS) ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇൻക്വസ്റ്റ്, പോസ്റ്റ്മോർട്ടം നടപടികള്‍ പൂർത്തിയാക്കിയ ശേഷം ശനിയാഴ്ച രാവിലെയോടെ മൃതദേഹം വിമാനമാർഗ്ഗം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. വെളിയങ്കോട്ടെ കുടുംബാംഗങ്ങളും നാട്ടുകാരും വലിയ ഞെട്ടലോടെയാണ് ഈ ദാരുണ വാർത്ത ശ്രവിച്ചത്.
സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയറ്റംഗം ടി.എം. സിദ്ദീഖിന്റെ പിതാവിന്റെ സഹോദര പുത്രിയാണ് അന്തരിച്ച ബഷീറ. പരേതനായ തണ്ണിത്തുറ പുക്കല്‍ മൊയ്തീൻകുട്ടിയാണ് ബഷീറയുടെ പിതാവ്. ഉമ്മ: നസീസു. ലാസിം, മുഹമ്മദ് ശാരിഖ് എന്നിവർ മക്കളാണ്. മുസ്തഫ, നുസ്രത്ത്, ബുഷ്‌റ, മുംതാസ് എന്നിവർ ബഷീറയുടെ സഹോദരങ്ങളാണ്.
