സൈബർ തട്ടിപ്പ് ; നാല് കോടി തട്ടിയെടുത്ത മലപ്പുറം സ്വദേശി പിടിയിൽ
മലപ്പുറം : ഡിജിറ്റല്‍ അറസ്റ്റ് ചെയ്‌തെന്ന് വിശ്വസിപ്പിച്ച് തൃശൂർ കോണത്തുകുന്ന് സ്വദേശിയായ 85-കാരനില്‍ നിന്ന് നാല് കോടി പതിനൊന്നര ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ അന്തർസംസ്ഥാന തട്ടിപ്പ് സംഘാംഗം തൃശൂർ റൂറല്‍ സൈബർ പൊലീസിന്റെ പിടിയിലായി
മലപ്പുറം പാണ്ടിക്കാട് കുറ്റിപ്പുള്ളി സ്വദേശി അല്ലപ്ര വീട്ടില്‍ റഷീക് രാജ (26) എന്നയാളെയാണ് പാണ്ടിക്കാട്ടുനിന്നും തൃശൂർ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
തട്ടിപ്പുപണത്തില്‍ ഉള്‍പ്പെട്ട 7,99,000 രൂപ ഇയാള്‍ സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് അയപ്പിച്ചു വാങ്ങുകയും, പിന്നീട് ഈ തുക ചെക്ക് മുഖേന പിൻവലിച്ച് പ്രധാന പ്രതികള്‍ക്ക് കൈമാറി കമ്മീഷൻ കൈപ്പറ്റുകയും ചെയ്തതായി പൊലീസ് കണ്ടെത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കഴിഞ്ഞ 2025 സെപ്റ്റംബർ 9 മുതല്‍ 2026 ജനുവരി 1 വരെയുള്ള കാലയളവിലാണ് വയോധികനെ നിരന്തരം ഭയപ്പെടുത്തി പ്രതികള്‍ തട്ടിപ്പ് നടത്തിയത്. മണി ലോണ്‍ഡറിങ്ങുമായി ബന്ധപ്പെട്ട് മുംബൈ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അന്വേഷിക്കുന്ന കേസില്‍ ഉള്‍പ്പെട്ട 257 ബാങ്ക് അക്കൗണ്ടുകളില്‍ ഒന്ന് പരാതിക്കാരന്റെ പേരിലാണെന്ന് വ്യാജ വാട്‌സാപ്പ് കോളിലൂടെ പ്രതികള്‍ വിശ്വസിപ്പിക്കുകയായിരുന്നു.
തുടർന്ന് പരാതിക്കാരന്റെ വിവിധ ബാങ്ക് അക്കൗണ്ടുകളിലെ ഇടപാടുകള്‍ പരിശോധിക്കണമെന്നും, പണം വെരിഫൈ ചെയ്യുന്നതിനായി തങ്ങള്‍ നല്‍കുന്ന അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്യണമെന്നും ഇവർ ആവശ്യപ്പെട്ടു. ദേശീയ താല്പര്യം മുൻനിർത്തി കോടതി നിർദേശപ്രകാരമാണ് ഈ നടപടിയെന്നും, വിവരം മറ്റാരോടും പറയരുതെന്നും വീട്ടില്‍നിന്ന് പുറത്തിറങ്ങരുതെന്നും പറഞ്ഞ് പരാതിക്കാരനെയും പരിചാരകനെയും പ്രതികള്‍ ഡിജിറ്റല്‍ അറസ്റ്റില്‍ നിർത്തുകയായിരുന്നു. ഇത്തരത്തില്‍ ഭയപ്പെടുത്തിയും തെറ്റിദ്ധരിപ്പിച്ചും പരാതിക്കാരന്റെ വിവിധ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നായി ആകെ 4,11,65,206 രൂപയാണ് തട്ടിപ്പ് സംഘം കൈക്കലാക്കിയത്.
പരാതിയുടെ അടിസ്ഥാനത്തില്‍ തൃശൂർ റൂറല്‍ സൈബർ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്ത കേസില്‍ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് കമ്മീഷൻ ഏജന്റായ റഷീക് രാജ പിടിയിലായത്. തൃശൂർ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി. കെ. റഫീഖ്, സൈബർ പോലീസ് സ്റ്റേഷൻ എസ്.ഐമാരായ കെ.വി. ജസ്റ്റിൻ, പി.എസ്. സുജിത്ത്, സി.പി.ഒമാരായ ടി.പി. ശ്രീനാഥ്, ശബരിനാഥ്, അനന്തുമോൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രധാന പ്രതികള്‍ക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
