പാങ്ങ് പള്ളിപ്പറമ്പ് ജിഎല്‍പി സ്‌കൂളിൽ അധ്യാപകരെ അടിയന്തരമായി താത്കാലിക അടിസ്ഥാനത്തില്‍ നിയമിക്കും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

April 20, 2026 - By MalappuramMedia

മലപ്പുറം: പാങ്ങ് പള്ളിപ്പറമ്പ് ജി.എല്‍.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ അധ്യയനം മുടങ്ങില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഉറപ്പുനല്‍കി. വാഹനാപകടത്തില്‍ അധ്യാപകരും ജീവനക്കാരുമടക്കം ഒമ്പത് പേര്‍ മരിച്ച സാഹചര്യത്തില്‍, സ്‌കൂളില്‍ ആവശ്യമായ അധ്യാപകരെ അടിയന്തരമായി താത്കാലിക അടിസ്ഥാനത്തില്‍ നിയമിക്കും. ഇതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ മലപ്പുറം ഡി.ഇ.ഒ സുനിതയെയും പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ സന്തോഷിനെയും മന്ത്രി ചുമതലപ്പെടുത്തി. അപകടത്തിന്റെ നടുക്കത്തിലുള്ള കുട്ടികള്‍ക്കായി വിപുലമായ കൗണ്‍സിലിംഗ് സംവിധാനം ഏര്‍പ്പെടുത്തും. ആരോഗ്യവകുപ്പുമായി ചേര്‍ന്ന് വനിതാ-ശിശുക്ഷേമ വകുപ്പ് ജില്ലാ ഓഫീസര്‍ ഗോപകുമാറിന്റെ മേല്‍നോട്ടത്തില്‍, സ്‌കൂള്‍ തുറക്കുന്നതിന് ഒരാഴ്ച മുമ്പ് തന്നെ കൗണ്‍സിലിംഗ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. വേനലവധിക്കാലമാണെങ്കിലും സ്‌കൂളിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടാതിരിക്കാന്‍ പ്രധാനാധ്യാപകന്‍ അഹമ്മദ് കുട്ടിയ്ക്ക് ജി.എല്‍.പി.എസിന്റെ താത്കാലിക ചുമതല കൂടി നല്‍കിയിട്ടുണ്ട്.

Recent

Load More