മലപ്പുറം ജില്ലയിൽ ഭൂഗർഭജലനിരപ്പ് കുറയുന്നതായി പഠനം

April 19, 2026 - By MalappuramMedia

മലപ്പുറം : ജില്ലയിൽ ഓരോ വർഷവും ഭൂഗർഭജലവിതാനം മൂന്നു മീറ്ററോളം താഴുന്നതായി പഠനം. വേനൽച്ചൂട് കനത്ത സമയത്തെ പരമാവധി താഴ്ചയാണിത്. മഴക്കുറവും അനിയന്ത്രിതമായ വേനൽച്ചൂടുമാണ് ജലനിരപ്പ് കുറയുന്നതിന് പ്രധാന കാരണമെന്നാണ് വിലയിരുത്തൽ. വർധിച്ചുവരുന്ന കുഴൽക്കിണറുകൾക്കുമുണ്ട് ഇതിൽ പങ്ക്.

ഭൂജലവകുപ്പ് നാഷണൽ ഹൈഡ്രോളജി പ്രോജക്ടിന്റെ ഭാഗമായി കുടുംബശ്രീയുടെ സഹായത്തോടെ ജില്ലയിലെ കുടിവെള്ള സ്രോതസ്സുകളെക്കുറിച്ച് പഠിച്ചിരുന്നു. ആദ്യഘട്ടത്തിൽ 14 ബ്ലോക്ക് പഞ്ചായത്തുകളിലായി മൂന്നു ലക്ഷത്തോളം കിണറുകൾ കണ്ടെത്തി. ഇതിൽ 74,838 കുഴൽക്കിണറുകളുണ്ട്. കിണറുകൾ, ഉറവകൾ, മറ്റു സ്രോതസ്സുകൾ എന്നിവയാണ് ബാക്കിയുള്ളവ.


ജില്ലയുടെ ഭൂഘടനയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റം മഴവെള്ളസംഭരണത്തെ പിന്നോട്ടടിപ്പിക്കുന്നതാണെന്നാണ് ഈ മേഖലയിൽ പഠനം നടത്തുന്നവരുടെ അഭിപ്രായം. ജില്ലയുടെ പ്രത്യേകതയായ ഇടനാടൻ ചെങ്കൽക്കുന്നുകളുടെ എണ്ണത്തിലുണ്ടായ ഗണ്യമായ കുറവും തട്ടുകളായി ഭൂമിയെ തരംതിരിക്കുന്നതിലെ പിന്നോട്ടുപോക്കും വെള്ളം ഭൂമിയിലേക്ക് ആഴ്ന്നിറങ്ങുന്നതിൽ കുറവുണ്ടാക്കുന്നു. കൂടിവരുന്ന കോൺക്രീറ്റ് കെട്ടിടനിർമ്മാണങ്ങളും വയലുകളും കോൾപ്പാടങ്ങളും കുറഞ്ഞുവരുന്നതും ജലസമ്പത്തിൽ കുറവുണ്ടാക്കുന്നു.
ഭൂമി തരംമാറ്റി വീടുകളും കെട്ടിടങ്ങളുമുണ്ടാക്കുന്നതും ജലസംഭരണത്തെ ദോഷകരമായി ബാധിക്കുന്നു. വിവിധ പദ്ധതികൾക്കുവേണ്ടി പുഴകളിലും തോടുകളിലും നടത്തുന്ന ജലശോഷണവും ജലസമ്പത്തിനെ ബാധിക്കുന്നുണ്ട്

Recent

Load More