സാദിഖലി തങ്ങള്‍ക്കെതിരെ വ്യാജ പ്രചാരണം നടത്തിയെന്ന പരാതിയിൽ കേസെടുത്തു
മലപ്പുറം: മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങള്‍ക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയെന്ന പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ലൈംഗികാരോപണം ഉന്നയിച്ച അജ്ഞാത സോഷ്യല്‍ മീഡിയ അക്കൗണ്ടിനെതിരെയാണ് മലപ്പുറം സൈബര്‍ ക്രൈം പൊലീസ് കേസെടുത്തത്. അപകീര്‍ത്തിപ്പെടുത്തല്‍, വ്യാജരേഖ സൃഷ്ടിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് നടപടി.
സംബന്ധപ്പെട്ട അക്കൗണ്ട് അടുത്തിടെ ആരംഭിച്ചതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ഈ അക്കൗണ്ട് വഴിയാണ് സാദിഖലി തങ്ങള്‍ക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ പ്രചരിപ്പിച്ചതെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു.
സംഭവത്തില്‍ ശക്തമായ പ്രതികരണവുമായി മുസ്‌ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി രംഗത്തെത്തി. വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട അദ്ദേഹം, സാദിഖലി തങ്ങളെ ലക്ഷ്യമിട്ട് നടക്കുന്ന വ്യക്തിപരമായ അപകീര്‍ത്തി ശ്രമങ്ങള്‍ നിയമപരമായി ശക്തമായി നേരിടുമെന്ന് അറിയിച്ചു. ഇത്തരം വ്യാജ പ്രചാരണങ്ങളില്‍ ആരും തെറ്റിദ്ധരിക്കപ്പെടരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
ഇതിനിടെ, ആരോപണം ഉന്നയിച്ച വ്യക്തി ബന്ധപ്പെട്ട പോസ്റ്റ് നീക്കം ചെയ്തതായും, അതുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ അക്കൗണ്ടും പിന്നീട് അപ്രത്യക്ഷമായതായും വിവരം ലഭിച്ചിട്ടുണ്ട്.
